കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി 20 വർഷത്തിന് ശേഷം പിടിയിലായി. അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റു ചെയ്തത്. കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന വിനോദ് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് പകൽ പെയിന്‍റിംഗ് ജോലികൾ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു.
താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസിലും, ചേവായൂർ സ്റ്റേഷനിൽ ഒരു കേസിലും, മുക്കം സ്റ്റേഷനിൽ ഒരു കേസിലും ഇയാൾ പിടികിട്ടാപ്പുള്ളിയാണ്.രാത്രികാലങ്ങളിലെ ഇയാളുടെ സഞ്ചാരത്തെപ്പറ്റി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഏതാനും ദിവസങ്ങളായി വിനോദിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടിൽ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയത്തി വിനോദിനെ പിടികൂടുകയായിരുന്നു.
2003 സെപ്തംബർ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷൻ പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്ലോർ ആൻറ് ഒയിൽ മില്ലിൽ നിന്നും അന്ന് 22000 രൂപ വിലയുള്ള ഒൻപത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊട്ടിച്ച് ഉളിൽ കടന്ന് കവർന്ന കേസിലും, 2003 ഡിസംബർ 19 ന് രാത്രി കെട്ടാങ്ങൽ വെച്ച് കടയുടെ മുന്നിൽ സൂക്ഷിച്ച അന്ന് 42000 രൂപ വിലവരുന്ന രണ്ട് ടൺ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലും കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ഇയാൾ പ്രതിയാണ്. കുന്ദമംഗലം എസ്.ഐ. യുസഫിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.