റാംപൂര്‍: മകളെ തട്ടിക്കൊണ്ട് പോയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയ സ്ത്രീയുടെ മുഖത്തടിച്ചും ഭീഷണിപ്പെടുത്തിയും പോലീസുകാര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പരാതി പിന്‍വലിക്കണമെന്നായിരുന്നു സര്‍ക്കിള്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യം. ഒടുവില്‍ പരാതി നല്‍കിയ സ്ത്രീയുടെ മകള്‍ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.
മിലാക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സര്‍ക്കിള്‍ ഓഫീസര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ ജില്ലാ ഭരണകൂടം ഇടപെട്ട് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. ആരോപണ വിധേയനായ പൊലീസ് എയ്ഡ് പോസ്റ്റ് ഇന്‍ചാര്‍ജിനെ സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം വന്‍ ഗതാഗതക്കുരുക്കിനും വഴിവെച്ചു.
ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജ് അശോക് കുമാറും ഏതാനും പോലീസുകാരും തന്റെ വീട്ടിലെത്തി തന്നെയും മകളെയും ഉപദ്രവിച്ചുവെന്ന് പന്ത്രണ്ട് വയസുകാരിയുടെ അമ്മ പറഞ്ഞു. രണ്ടോ മൂന്നോ തവണ തന്നെ അടിച്ചതായും വസ്ത്രങ്ങള്‍ കീറിയതായും അവര്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്നായിരുന്നു വീട്ടിലെത്തിയ പോലീസുകാരുടെ ആവശ്യം.