ചെന്നൈ : കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നതായി അവകാശവാദം. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നില്‍. മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം. മിഠായിയുടെ അതേ ചേരുവയില്‍ നേസല്‍ സ്പ്രേയും മൗത്ത് വാഷും കെ.എം. ചെറിയാന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മിഠായി സുരക്ഷിതമാണെന്നാണു ഡോക്ടര്‍ ചെറിയാന് അവകാശപ്പെടുന്നത്. ഒരു മിഠായി കഴിച്ചാല്‍ 6 മണിക്കൂറിലേറെ പ്രതിരോധം ഉറപ്പാണെന്നും വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുമ്പോള് മിഠായി ഒന്നിനു പത്തുരൂപയില്‍ താഴെ മാത്രമേ വിലവരൂവെന്നുമാണ് നിര്‍മാതാക്കളുടെ അവകാശവാദം.
വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാനം. വൈറസിന്റെ കൊഴുപ്പടങ്ങിയ പുറംതൊലി വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തില്‍ അലിഞ്ഞുചേരും. ഇതോടെ വൈറസ് ചാവും. വായിലൂടെയും മൂക്കിലൂടെയും തൊണ്ടയിലെത്തുന്ന വൈറസിനെ കൊറോണ ഗാര്‍ഡെന്ന മിഠായി കഴിക്കുന്നതു വഴി നശിപ്പിക്കുമെന്നും നിർമാതാക്കൾ പറയുന്നു. തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് കെ.എം. ചെറിയാന്റെ ഫ്രോണ്ടിയർ മെഡിവില്ല സൊസൈറ്റി നടത്തിയ ക്ലിനിക്കൽ പഠനത്തിൽ, കോവിഡ് വകഭേദങ്ങൾക്കെതിരെ മിഠായി 98.4% ഫലപ്രദമാണെന്നു കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.