ദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് XE വകഭേദം.
എന്താണ് XE വകഭേദം?
ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന് കാരണമായ ബി എ ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ XE വകഭേദത്തിന് 10 % പകർച്ച ശേഷി കൂടുതലുണ്ട്. ബ്രിട്ടനിൽ 660 പേരിൽ XE സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്. ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് XE എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, XE ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.