കൊച്ചി: കാനയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ഷമചോദിച്ച് കോര്പ്പറേഷന്. രണ്ടാഴ്ച്ചക്കുള്ളില്‍ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്ന് കോര്പ്പറേഷന് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി കോടതിയില്‍ ഹാജരായി. നടപടിക്ക് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കാനകളും നടപ്പാതകളും പരിപാലിക്കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും ഓവുചാലുകള്‍ തുറന്നിടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.
കൊച്ചി പനമ്പള്ളി നഗറില്‍ അപകടകരമാംവിധം തുറന്നിട്ടിരുന്ന കാനയിൽ വീണ് ഇന്നലെയാണ് മൂന്ന് വയസുകാരനാണ് പരിക്കേറ്റത്. ഡ്രെയ്നേജിന്റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. മലിനജലം കുടിച്ചും തലയ്ക്ക് പരിക്കേറ്റും അവശനായ കുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തി ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.