കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ ബയോമൈനിംഗ് കരാറിൽ തീരുമാനമായില്ല. കരാർ യോഗ്യത നേടിയ കമ്പനിയുടെ നടത്തിപ്പ് കോർപ്പറേഷൻ പ്രതിനിധി സംഘം നേരിട്ട് കണ്ട് പരിശോധിച്ച ശേഷമാകും അന്തിമതീരുമാനം. ഉയർന്ന മാലിന്യ സംസ്കരണ നിരക്ക് പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണ് പുനെയിലെ പ്ലാന്‍റ് സന്ദർശിച്ച് വ്യക്തത വരുത്താനുള്ള തീരുമാനം.സോണ്ടാ ഇൻഫ്രാടെക്ക് 25 ശതമാനം മാത്രം ബയോമൈനിംഗ് പൂർത്തിയാക്കിയപ്പോഴായിരുന്നു ബ്രഹ്മപുരത്ത് തീപ്പിടുത്തം. പാളിച്ചകൾ ഒന്നൊന്നായി വരുത്തിയ സോണ്ടയുമായി കരാർ വൈകാതെ കോർപ്പറേഷൻ റദ്ദാക്കി. തീപ്പിടുത്തമുണ്ടായി 5 മാസം പിന്നിട്ടുമ്പോഴാണ് ബയോമൈനിംഗിന് ഇനി ആരെന്ന ചർച്ചകൾ സജീവമാകുന്നത്. 8 കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തെങ്കിലും രണ്ടെണ്ണമാണ് യോഗ്യത നേടിയത്. പുനൈയിലെ ഭൂമി ഗ്രീൻ എനർജിക്കാണ് കൂടുതൽ സാധ്യത.
ടണ്ണിന് 1699 രൂപ വെച്ചാണ് കരാർ. മറ്റൊരു കമ്പനിയായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊലുഷൻസിന് ടണ്ണിന് 4640 രൂപയും. ടണ്ണിന് 1156 രൂപ നീരക്കിൽ 55 കോടി രൂപയ്ക്കായിരുന്നു സോണ്ടയുമായുള്ള കരാർ. ഭൂമി ഗ്രീനുമായുള്ള കരാർ അംഗീകരിച്ചാൽ 119 കോടി രൂപയാകും ആകെ തുക. വലിയ നിരക്കിൽ തിരക്ക് കൂട്ടി കമ്പനിയെ ഏൽപിക്കുന്നതിലാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. മാലിന്യം വലിയ അളവിൽ കരാർ നൽകുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലെന്നും പരാതി.
ബയോമൈനിംഗ് ഒരിക്കൽ ചുവട് പിഴച്ചതിനാൽ കരുതലോടെയാണ് കോർപ്പറേഷന്റെ തുടർനീക്കങ്ങൾ. ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാരും,വിദഗ്ധരും ഉൾപ്പെടുന്ന 15 അംഗ സംഘം പുനൈയിലെ ഭൂമി ഗ്രീൻ പ്ലാന്‍റ് സന്ദർശിക്കും. രണ്ടാഴ്ചയ്ക്കം സന്ദർശനം പൂർത്തിയാക്കാനാണ് ശ്രമം. 16 മാസമെന്ന കുറഞ്ഞ സമയത്തിൽ ബയോമൈനിംഗ് പൂർത്തിയാക്കണം. മാത്രമല്ല REFUSE DERIVED FUEL അഥവാ ആർഡിഎഫ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകാൻ വലിയ തുക കടത്ത് കൂലിയാകും. ഉയർന്ന നിരക്കിന് ഇതാണ് ഭരണപക്ഷത്തിന്‍റെ വിശദീകരണം.