വാഷിങ്ടൺ∙ യുഎസിന്റെ രഹസ്യരേഖകൾ ചോർത്തിയ കേസിൽ കോടതിയിൽ ഹാജരായ ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024ലെ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചു നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ കേസെന്ന് ട്രംപ് ന്യൂജഴ്സിയിൽ റിപ്പബ്ലിക്കൻ അനുയായികളോടു പറഞ്ഞു.
‘‘അധികാരം ഏറ്റവും പൈശാചികവും ഹീനവുമായ രീതിയിൽ ഉപയോഗിക്കുന്നതിനാണു നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്’’– ട്രംപ് പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡോണൾഡ് ട്രംപ് ഉന്നയിച്ചത്.
‘‘അഴിമതിക്കാരനായ പ്രസിഡന്റ് ഇപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയ്ക്കു നേരെ വ്യാജകേസുകള്‍ ഫയൽ ചെയ്തിരിക്കുകയാണ്. അദ്ദേഹവും പിൻഗാമികളും ഇത്തരം കേസുകളിൽ പങ്കാളികളായിരിക്കും. ഭരണം പകുതിയാകുമ്പോൾ തന്നെ അദ്ദേഹം പരാജയപ്പെട്ടു’’– ട്രംപ് പറഞ്ഞു.
പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളാണ് ഡോണൾഡ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിനെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു. മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്.