വ്യാജ ഡോക്ടര്‍, വ്യാജമരുന്ന് – കേസുകള്‍ ആരോഗ്യമേഖലയ്ക്ക് വലിയ തോതിലുള്ള തലവേദന എല്ലാക്കാലവും സൃഷ്ടിക്കുന്നതാണ്. ആതുരസേവനരംഗത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യം തന്നെയായാണ് കണക്കാക്കപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, മനുഷ്യരുടെ ജീവൻ വച്ചുതന്നെയാണ് ഇവിടെ തട്ടിപ്പ് നടക്കുന്നത്
സമാനമായ രീതിയിലുള്ള വമ്പൻ തട്ടിപ്പ് കേസാണ് ഇന്ന് ദില്ലിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ക്യാൻസര്‍ ചികിത്സയ്ക്കുള്ള മരുന്നെന്ന തരത്തില്‍ മാര്‍ക്കറ്റിലെത്തിക്കൊണ്ടിരുന്ന വ്യാജമരുന്നിന്‍റെ വൻ ശേഖരം ദില്ലിയില്‍ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്.
എട്ട് കോടിയുടെ മരുന്നാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഇത് തീര്‍ത്തും അസാധാരണമായിട്ടുള്ള വൻകിട തട്ടിപ്പ് തന്നെയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. നാല് വര്‍ഷത്തോളം ട്രാക്ക് ചെയ്ത ശേഷമാണ് തട്ടിപ്പ് സംഘം വലയില്‍ കുരുങ്ങിയതെന്നും പൊലീസ് അറിയിക്കുന്നു.
ഒരു ഡോക്ടറും ഒരു എംബിഎ ബിരുദധാരിയും അടക്കം രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇനിയും മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഇവര്‍ നിലവില്‍ ഒളിവിലാണെന്നാണ് സൂചന.
ഹരിയാനയിലെ സോനിപ്പത്തിലാണത്രേ ഇവരുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. വ്യാപകമായ തോതില്‍ ഇവിടെ വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുകയും രാജ്യം മുഴുവനും മാര്‍ക്കറ്റുകളില്‍ ഈ മരുന്നുകള്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് വിശദമാക്കുന്നു. വര്‍ഷങ്ങളായി സംഘത്തെ ട്രാക്ക് ചെയ്യുകയാണ് പൊലീസ്. എന്നാല്‍ ഇതിനിടെ പലപ്പോഴായി ഇവര്‍ മരുന്ന് നിര്‍മ്മാണത്തിനുള്ള കേന്ദ്രങ്ങള്‍ മാറ്റി. പുതിയ സ്ഥലങ്ങളെല്ലാം പൊലീസിന് ട്രാക്ക് ചെയ്ത് കണ്ടെത്താനായതോടെയാണ് ഒടുവില്‍ സംഘത്തിന് പിടി വീണിരിക്കുന്നത്.
ക്യാൻസര്‍ ചികിത്സയ്ക്കുള്ള മരുന്ന് എന്നതില്‍ കവിഞ്ഞ് ഏതെല്ലാം മരുന്നുകളുടെ വ്യാജന്മാരെയാണ് ഇവര്‍ ഇറക്കിയിരുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഏതായാലും ക്യാൻസര്‍ രോഗികള്‍ക്ക് തന്നെയുള്ള മരുന്നുകളുടെ വ്യാജന്‍ നിര്‍മ്മിച്ചത് തീര്‍ത്തും അംഗീകരിക്കാനാവാത്ത കുറ്റകൃത്യമായാണ് വിലയിരുത്തപ്പെടുന്നത്. അതും ഒരു ഡോക്ടറുടെ നേതൃത്വത്തിലാണെന്നതും നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമാണ്.