ദില്ലി : ഇന്ത്യയുടെ നെഞ്ചെടുപ്പേറ്റി അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനം ഫലിക്കുമോ, 2017 ലെ ചരിത്രം ആവർത്തിക്കുമോ , പ്രതിപക്ഷം സ്വപ്‌നം കാണുന്ന അട്ടിമറി വിജയം സാധ്യമാകുമോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. ഉച്ചയോടെ ഉത്തർ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളുടെ വിധി അറഇയാം. 403 സീറ്റുകളുള്ള യുപിയിൽ മാത്രം വൈകീട്ടോടെ മാത്രമേ തെരഞ്ഞെടുപ്പ് ഫലംപുറത്തുവരികയുള്ളു. ഓരോ മണ്ഡലത്തിലേയും അവസാന റിസൾട്ട് പോസ്റ്റൽ ബാലറ്റ് കൂടി എണ്ണിത്തീർത്ത് അതുകൂടി ചേർക്കാതെ പ്രഖ്യാപിക്കില്ല. ഒരു റൗണ്ട് വോട്ടെണ്ണലിന് ഏകദേശം 15 മിനിറ്റ് എടുക്കുമെന്നാണ് കണക്ക് കൂട്ടൽ. ഓരോ മണ്ഡലത്തിലും ഏത്ര റൗണ്ട് വോട്ടെണ്ണൽ നടക്കും എന്നത് മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിനനുസൃതമായിരിക്കും.