ന്യൂഡല്‍ഹി : പുതുവത്സര ദിനത്തില്‍ ആനന്ദവും ആരോഗ്യവും ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷത്തില്‍ പുരോഗതിയുടേയും സമൃദ്ധിയുടേയും പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടണമെന്നും സ്വാതന്ത്ര്യ സമരപോരാളികളുടെ സ്വപ്നങ്ങള്‍ നടപ്പാക്കുന്നതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നുമാണു മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ 2022 ലെ ആദ്യ ട്വീറ്റാണിത്. ‘മന് കി ബാത്ത്’ പരിപാടിയുടെ പുതിയ ഭാഗവും പ്രധാനമന്ത്രി ഇതോടൊപ്പം പങ്കുവച്ചു. വലിയ കാര്യങ്ങള്‍ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും വേണമെന്നു പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു. രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കണം. 2022 പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ സുവര്ണകാലമാകണം. നമ്മുടെ സ്വപ്നങ്ങള്‍ നമ്മളിലേക്കു ചുരുങ്ങിപ്പോകരുത്.
രാജ്യത്തിന്റേയും സമൂഹത്തിന്റേയും വികസനത്തിനു വേണ്ടിയുള്ളതാകണം-റേഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. നമ്മുടെ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പുതിയ പാതകള്‍ തുറക്കും. ഇതിനായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.