ചണ്ഡീഗഢ്: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരേ കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പശ്ചിമ ബംഗാളിൽ നിന്നെത്തിയ അതിഥി തൊഴിലാളി അബ്ദുൽ കരീമിന്‍റെ കുടുംബമാണ് പാനിപ്പത്ത് തെഹ്‌സിൽ ക്യാമ്പിനടുത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. സിലിണ്ടർ പൊട്ടിത്തെറിച്ച് ഇവർ താമസിച്ചിരുന്ന ഒറ്റമുറിവീട് പൂർണമായും തകർന്നു. അബ്ദുൾ കരീമും (48), ഭാര്യ അഫ്രോസയും (45), ഇവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത്. ഇസ്രത്ത് (18), രേഷ്മ (16), അബ്ദുൾ (10), അർഫാൻ (7) എന്നിവരാണ് കരീമിനും ഭാര്യയ്ക്കും ഒപ്പം മരണപ്പെട്ടത്. പശ്ചിമ ബംഗാളിൽ നിന്നെത്തിയ കരിം, പാനിപ്പത്തിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് ഒറ്റമുറി വീട്ടിൽ താമസിച്ചുവരികയായിരുന്നു. പാനിപ്പത്ത് തഹസിൽ ക്യാമ്പിലെ സ്ട്രീറ്റ് നമ്പർ 4, കെസി ചൗക്കിലെ പരശുറാം കോളനിയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
എൽ പി ജി സിലിണ്ടർ ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു. ഇന്ന് രാവിലെ അഫ്രോസ ഉണർന്ന് ചായ ഉണ്ടാക്കാൻ ബർണർ കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനം സംഭവിച്ചതെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം പാനിപ്പത്ത് പൊലീസ് സൂപ്രണ്ട് ശശാങ്ക് ആനന്ദ് വിവരിച്ചു. സ്ഫോടനത്തിൽ നിമിഷങ്ങൾക്കകം എല്ലാവരും മരണപ്പെട്ടെന്നാണ് നിഗമനം. അകത്ത് നിന്ന് പൂട്ടിയ വാതിൽ തുറക്കാൻ പോലും വീട്ടുകാർക്ക് സമയം ലഭിച്ചില്ലെന്നാണ് തോന്നുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സ്‌ഫോടനം നടന്നയുടൻ അയൽവാസികൾ ഓടിയെത്തി സഹായത്തിന് ശ്രമിച്ചെന്നും വാതിൽ തകർത്ത് അകത്ത് കടന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ലെന്നും പാനിപ്പത്തിലെ തഹസിൽ ക്യാമ്പ് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ഇൻസ്പെക്ടർ ഫൂൽ കുമാർ പറഞ്ഞു.