നോര്‍ത്ത് കരോലിന: പ്രേതബാധയെന്ന സംശയത്തേത്തുടര്‍ന്ന് നടന്ന ഒഴിപ്പിക്കലില്‍ നാല് വയസ് മാത്രം പ്രായമുള്ള ദത്തുപുത്രന് ജീവന്‍ നഷ്ടമായി. നോര്‍ത്ത് കരോലിനയിലാണ് സംഭവം. സ്കൈലര്‍ വില്‍സണ്‍ എന്ന നാലുവയസുകാരന്‍റെ മരണത്തിന് പിന്നാലെ ജോസഫ് പോള്‍ വില്‍സണ്‍ എന്ന 41കാരനെയും ഭാര്യ ജോഡി ആന്‍ വില്‍സണ്‍ എന്ന 38കാരിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിശു സംരക്ഷണ സമിതിയില്‍ നിന്നുള്ള സന്ദേശമനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പ്രേതത്തെ ഒഴിപ്പിക്കുന്നതിന്‍റെ പേരില്‍ നാലു വയസുകാരനെതിരെ നടത്തിയ പ്രാകൃതമായ ആക്രമണത്തേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുന്നത്.
ജനുവരി ആറാം തിയതിയാണ് സ്കൈലറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ട് മുന്‍പത്തെ ദിവസം മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു നാലു വയസുകാരനെ. ശരീരത്തിലേറ്റ പരിക്കുകള്‍ക്കും ക്ഷതത്തിനും ചികിത്സയിലിരിക്കെയാണ് സ്കൈലര്‍ ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. സംഭവത്തില്‍ മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മാതാപിതാക്കളെ നരഹത്യയ്ക്കാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കുട്ടിയില്‍ പ്രേതമുണ്ടെന്ന് വിശ്വസിച്ച ദമ്പതികള്‍ ദുരൂഹമായ രീതിയിലായിരുന്നു നാല് വയസുകാരനെ വളര്‍ത്തിയിരുന്നത്. ക്രൂരമായ ആക്രമണങ്ങളും കുട്ടിക്ക് ദമ്പതികളില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. സ്കൈലറെ ആശുപത്രിയിലേക്ക് അയക്കുന്നതിന് മുന്‍പ് സ്കൈലര്‍ക്ക് എന്തോ സംഭവിച്ചതായി വ്യക്തമാക്കി ജോഡി ഭര്‍ത്താവിന് മെസേജ് അയച്ചിരുന്നു. പുതപ്പില്‍ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച് മുഖം നിലത്തേക്കാക്കി കിടക്കുന്ന സ്കൈലറുടെ ചിത്രവും ഇവര്‍ ഭര്‍ത്താവിന് അയച്ച് നല്‍കിയത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്ധവിശ്വാസത്തേത്തുടര്‍ന്ന് പ്രേതത്തെ ഒഴിപ്പിക്കാനെന്ന രീതിയില്‍ സ്കൈലര്‍ക്ക് നിരന്തര മര്‍ദ്ദനം ദമ്പതികളില്‍ നിന്ന് ഏറ്റിരുന്നുവെന്നാണ് അന്തര്‍ദശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില് വിട്ടിരിക്കുകയാണ്. ഇവരുടെ മറ്റ് മക്കളുടെ സംരക്ഷണം സാമൂഹ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ദമ്പതികളെ ഫെബ്രുവരി രണ്ടിന് കോടതിയില്‍ ഹാജരാക്കും.