കോലഞ്ചേരി: ജീവൻ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികൾ. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചത്. ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്
കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കിണറിൽ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെൽറ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനിൽ പുറത്തെത്തിയത്.
മഴ പെയ്ത് കൊണ്ടിരിക്കെ പണികൾ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ സംഭവിച്ച ചെറിയൊരു പിഴവാണ് അപകടമുണ്ടാക്കിയത്. കാർ വെള്ളത്തിലേക്ക് കൂപ്പ് കൂത്തിയതിന് പിന്നാലെ മനോധൈര്യം കളയാതെ പ്രവർത്തിച്ചതും അഗ്നിശമന സേനയുടെ തക്ക സമയത്തെ ഇടപെടലുമാണ് ദമ്പതികൾക്ക് പുതുജീവൻ ലഭിച്ചത്. ഭാര്യ വീട്ടിൽ വന്ന് മടങ്ങും വഴിയാണ് അപകടം. കാർ പിന്നീട് യന്ത്ര സഹായത്തോടെ കിണറിന് പുറത്ത് എത്തിച്ചു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്.