ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഇപ്പോൾ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ടാറ്റൂ ചെയ്യുന്നതിലൂടെയും ബോഡി മോഡിഫിക്കേഷൻ നടത്തുന്നതിലൂടെയും ഒക്കെ ശരീരത്തിൻറെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുന്നത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ ഇതൊരു ഫാഷൻ തന്നെയായി മാറിയിട്ടുണ്ട്.
എന്നാൽ, ലോകത്തിൽ ഇതാദ്യമായിരിക്കും ഒരു ദമ്പതികൾ തങ്ങളുടെ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുന്നതിനായി ഇത്രയും അധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒരേ ഇരിപ്പിൽ ഇരുന്നാണ് ഈ ദമ്പതികൾ തങ്ങളുടെ ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചത്. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികൾ എന്ന ലോക റെക്കോർഡ് ഇപ്പോൾ ഇവരുടെ പേരിലാണ്.
അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ചക്ക് ഹെൽംകെയും ഭാര്യ ഷാർലറ്റ് ഗുട്ടൻബെർഗുമാണ് ഈ ദമ്പതികൾ. ഇവരുടെ ശരീരത്തിൻറെ 90 ശതമാനത്തിലധികം ഭാഗവും ടാറ്റുവാൽ മൂടപ്പെട്ടാണ് ഇരിക്കുന്നത്. ചക്ക് ഹെൽംകെയ്ക്ക് 81 വയസ്സും ഷാർലറ്റ് ഗുട്ടൻബർഗിന് 74 വയസ്സുമാണ് പ്രായം. സഞ്ചരിക്കുന്ന ആർട് ഗാലറി എന്നാണ് ഇവർ തങ്ങളുടെ ശരീരത്തെ പരസ്പരം വിശേഷിപ്പിക്കുന്നത്. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത വയോധിക ദമ്പതികൾ എന്ന ഗണത്തിലാണ് ഇവരുടെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഷാർലറ്റിന്റെ ശരീരത്തിൽ 98 ശതമാനവും ചക്ക് ഹെൽംകെയുടെ ശരീരത്തിൽ 97 ശതമാനവും ഭാഗങ്ങളിലാണ് പച്ച കുത്തിയിട്ടുള്ളത്. തലയിൽ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന ലോക റെക്കോർഡും ഷെർലറ്റിന് സ്വന്തമാണ്. മുഖവും കൈകളുടെ ഒരു ചെറിയ ഭാഗവും മാത്രമാണ് ടാറ്റു ചെയ്യാതെ ഈ ദമ്പതികൾ അവശേഷിപ്പിച്ചിട്ടുള്ളത്. 376 ഓളം വ്യത്യസ്ത ചിത്രങ്ങളാണ് ഇവർ ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. ഇതിൽ തലയോട്ടിയുടെ ചിത്രങ്ങളും ഉൾപ്പെടുന്നു.