മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിൻറെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരെയാണ് തമിഴ്നാട്ടിലെ ഏർവാടിയിൽ വച്ച് പിടികൂടിയത്. ഗോവയിലെ ചൂതാട്ടകേന്ദ്രത്തിൽ നിക്ഷേപിക്കാനെന്ന പേരിൽ ലക്ഷങ്ങൾ ഇവർ തട്ടിയിരുന്നു.
കാസിനോകളിൽ ചൂതാട്ടത്തിന് പണമിറക്കി ഇരട്ടിയാക്കാമെന്നായിരുന്നു ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴിനൽകിയ പ്രചാരണം. വിഐപി ഇൻവെസ്റ്റ്മെന്റ് എന്നപേരിൽ വാട്സാപ് കൂട്ടായ്മയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. അഞ്ചുലക്ഷം രൂപ നഷ്ടമായ മലപ്പുറം മങ്കട സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് ഇരുവരും പിടിയിലായത്. നേരത്തെ ഇവരുടെ കൂട്ടുപ്രതിയും റംലത്തിൻറെ സഹോദരനുമായ മുഹമ്മദ് റാഷിദിനെ മങ്കട പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ്ഇരുവരെയും അറസ്റ്റ്ചെയ്തത്. ഹാക്കറായ റാഷിൻറെ സഹായത്തോടെയാണ് മൂവരും തട്ടിപ്പ് നടത്തിയത്. ഓൺലൈൻ ട്രേഡിംഗ് യൂട്യൂബ് വീഡിയോകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ഓഹരിവിപണിയിലെ സംശയങ്ങളുന്നയിക്കുന്നവരുടെ നമ്പറുകൾ ശേഖരിച്ച് വാട്സാപ് ഗ്രൂപ്പിൽ ചേർക്കും. തുടർന്ന് ചൂതാട്ടത്തിന്റെ വിശദാംശങ്ങളുളള കുറിപ്പും വീഡിയോയും ഇതിൽ പങ്കുവയ്ക്കും.
ചൂതാട്ടം വഴി പണം കിട്ടിയെന്ന് വ്യാജ അക്കൗണ്ടുകളിലൂടെ റാഷിദ് തന്നെ പോസ്റ്റുകളിടും. ഇത് വിശ്വസിക്കുന്നവരാണ് തട്ടിപ്പിനിരയായത്. റംലത്തിൻറെ അക്കൗണ്ടിലേക്കാണ് പണമെത്തിയിരുന്നത്. തട്ടിപ്പ് പുറത്തറിയുമ്പോഴേക്കും വാട്സാപ് ഗ്രൂപ്പ് പിരിച്ചുവിട്ട് പുതിയൊരണ്ണമുണ്ടാക്കും. റാഷിദ് അറസ്റ്റിലായതിനെ തുടർന്ന് ഇരുവരും ഒളിവിൽപ്പോയിരുന്നു. കൂടുതൽപേർ സമാനരീതിയിൽ പറ്റിക്കപ്പെട്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം