കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആർ.ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.
നടിയെ ആക്രമിച്ച കേസിൽ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമർശനം. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണ്. നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തൃശ്ശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.