ദില്ലി: 23കാരിയായ വിധവയ്ക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി നൽകി കോടതി. 27 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയാണ് ഭ്രൂണഹത്യ ചെയ്യാൻ അനുമതി നൽകിയത്. ഒക്ടോബർ മാസത്തിൽ 23കാരിയായ യുവതിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ മനോനില സാധാരണ ഗതിയിലെത്തിയിട്ടില്ലെന്നും ആത്മഹത്യാ പ്രവണത അടക്കം ഗുരുതരമായ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന യുവതിയ്ക്ക് ഗർഭം തുടരുന്നത് രൂക്ഷമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ദില്ലി എയിംസിലെ മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശം പരിഗണിച്ചാണ് ദില്ലി ഹൈക്കോടതിയുടെ തീരുമാനം.
ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഭ്രൂണഹത്യക്ക് അനുവാദം നൽകിയത്. യുവതിയുടെ വൈവാഹിക സ്ഥിതിയിൽ മാറ്റമുണ്ടായതായും മാനസികാരോഗ്യ പരിശോധനയിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തെന്ന് വിശദമാക്കിയാണ് കോടതിയുടെ തീരുമാനം. ഭർത്താവിന്റെ അകാലത്തിലുണ്ടായ വിയോഗം ഗുരുതര പ്രതിസന്ധിയാണ് യുവതിയുടെ മാനസികാരോഗ്യത്തിന് സൃഷ്ടിച്ചിട്ടുള്ളത്. യുവതിയുടെ ഗർഭം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാന്‍ ദില്ലി എയിംസിന് ഹൈക്കോടതി നിർദേശം നൽകി. 2023 ഒക്ടോബർ 9 നാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. എയിംസിലെ മാനസിക ചികിത്സാ വിഭാഗത്തിലാണ് യുവതിയുള്ളത്. ഡിസംബർ 28നാണ് യുവതിയടെ മാനസികാരോഗ്യ പരിശോധന പൂർത്തിയായത്.
കഴിഞ്ഞ ദിവസം ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12 വയസുകാരിയുടെ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചിരുന്നു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയിലെത്തിയത്. പ്രായപൂർത്തിയാകാത്ത സഹോദരനാണ് 12കാരിയെ ഗർഭിണിയാക്കിയത്.