കൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവിസിന് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകാൻ ഹൈകോടതിയുടെ അനുമതി. ദീർഘദൂര സ്വകാര്യ ബസ് സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ പെർമിറ്റുള്ള ബസുടമകൾ നൽകിയ ഹരജിയിൽ ദീർഘദൂര സർവിസിന് സിംഗിൾ ബെഞ്ച് നേരത്തേ അനുമതി നൽകിയിരുന്നു.
ഇതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹരജിയിൽ, മുമ്പ് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് ഭേദഗതി ചെയ്താണ് ദീർഘ ദൂര സർവിസിന് പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ഡിവിഷൻ ബെഞ്ചും അനുമതി നൽകിയത്. മേയ് 23ന് ഹരജി വീണ്ടും പരിഗണിക്കും.
സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം സർവിസ് ദൂരം അനുവദിക്കാത്ത വിധം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ആക്കി 2020 ജൂലൈയിൽ ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് നേരത്തേ സ്വകാര്യ ബസുടമകൾ ഹൈകോടതിയെ സമീപിച്ചത്. താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിംഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അത് അന്തിമമാക്കി ഹരജി തീർപ്പാക്കുകയും ചെയ്തു.
പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവിസ് നടത്താനും പെർമിറ്റുകൾ പുതുക്കിനൽകാനും നിർദേശിക്കുന്ന സിംഗിൾ ബെഞ്ച് ഉത്തരവ് 2022 ജനുവരി 12നാണ് ഉണ്ടായത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ സ്റ്റേയാണ് ഇപ്പോൾ നീക്കിയത്. സ്റ്റേ ഉത്തരവിനെത്തുടർന്ന് പെർമിറ്റ് പുതുക്കാനാവാതെ പോയ സ്വകാര്യ ബസുടമകളുടെ ഹരജികളും ഇതോടൊപ്പം പരിഗണിച്ചു.
നിലവിൽ പെർമിറ്റുള്ളവർക്ക് അടുത്ത ഉത്തരവുവരെ സർവിസ് തുടരാമെന്നും പുതുക്കാനുള്ള അപേക്ഷകൾ സിംഗിൾ ബെഞ്ച് ഉത്തരവുപ്രകാരം കൈകാര്യം ചെയ്യണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.