കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൌലോസിനെതിരായ കോടതി അലക്ഷ്യ നടപടിയിൽ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണം നൽകി. ബൈജു പൗലോസ് നല്കിയ വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമർശത്തെ തുടർന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിശദീകരണം നല്കിയത്.
പ്രോസിക്യൂഷൻ അഭിഭാഷക൪ വഴിയാണ് റിപ്പോർട്ട് വിചാരണ കോടതിയിൽ നൽകിയത്. കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചുവെന്ന പ്രതിഭാഗം പരാതിയിലാണ് വിചാരണ കോടതി വിശദീകരണം തേടിയത്. കേസിന്റെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തേക്ക് കൂടി അന്വേഷണ കാലാവധി നീട്ടണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിചാരണ കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടക്കം എല്ലാ കേസുകളും വരുന്ന 21 ന് വീണ്ടും പരിഗണിക്കും.