കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാല് വർഷം തെളിവില്ലാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പി. കുറ്റസമ്മത മൊഴികൾക്ക് അപ്പുറം നിഷ്പക്ഷമായ തെളിവ് കണ്ടത്താൻ എൻഐഎ ശ്രമിച്ചില്ല എന്നും കോടതി വിമർശിച്ചു. അബ്ദുൾ ഹാലിം മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുന്നത് വരെ ഇരട്ട സ്ഫോടനക്കേസിനെക്കുറിച്ച് തെളിവ് ലഭിച്ചില്ല. നാല് വർഷം കഴിഞ്ഞ് കേസ് ഏറ്റെടുക്കുമ്പോഴുള്ള എൻഐഎയുടെ പരിമിതി മനസ്സിലാക്കുന്നു.
മാപ്പു സാക്ഷിയുടെ മൊഴികൾ കേസ് തെളിയിക്കുന്നതിൽ പൂർണ്ണ പരാജയമായി. കുറ്റസമ്മതമൊഴികൾക്ക് തെളിവ് നിയമത്തിൽ സാധുതയില്ലാതിരുന്നിട്ടും അത് മാത്രം വെച്ച് കേസ് ചിട്ടപ്പെടുത്തിയെന്നും കോടതി വിമർശിച്ചു. കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ടുകൊണ്ട് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയും വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. അബ്ദുൾ ഹാലിം, അബൂബക്കർ യുസഫ് എന്നിവരെ വെറുതെ വിട്ടതിനെതിരായ എൻ ഐ എ അപ്പീൽ കോടതി തള്ളി.
വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. അതേ സമയം കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എൻഐഎ അപ്പീൽ നൽകിയത്.
2006 ലാണ് കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെ.എസ്ആർടിസി സ്റ്റാന്റിലും സ്ഫോടനം നടക്കുന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികൾ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.