തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം. ഇന്ന് മുതൽ 27 വരെ അന്വേഷണവുമായി പ്രതികൾ സഹകരിക്കണം. രാജ്യം വിട്ടു പോകരുത്. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അതിന് ശേഷം എല്ലാ ശനിയഴ്ചകളിലും ഒരു മാസത്തേക്ക് സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. വ്യാജ തിരിച്ചറിയൽ രേഖ കേസിലെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ പോലീസിനെ കോടതി വിമർശിച്ചു. ക്രിമിനൽ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് തിരുവനന്തപുരം സിജെഎം കോടതി നിരീക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിനറെ അപേക്ഷയിൽ വാദം കേള്‍ക്കവേയാണ് വിമർശനം.
രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിൽ ക്രിമിനൽ പ്രവർത്തനമാണ് പ്രതികള്‍ ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പോലീസ് അറിയിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിലുളളത്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയിൽ, തിരുവനന്തപുരം തൈക്കാട് വെച്ചാണ് ഫെനി, ബിനിൽ ബിനു എന്നീ പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നുവെന്നും കാർ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.