തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജെസ്നയുടെ രക്തംപുരണ്ട വസ്ത്രം പരിശോധിച്ചില്ലെന്നും പിതാവ് കോടതിയില്‍ പറഞ്ഞിരുന്നു. സാധ്യമായ രീതിയില്‍ എല്ലാത്തരത്തിലും അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
ജസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്പെക്ടര്‍ നിപുല്‍ ശങ്കര്‍ ഖണ്ഡിച്ചു. വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്നയുടെ അച്ഛന്‍ ജയിംസ് ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.