കൊല്ലം : കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും. കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് അയ്യൂബിനെ മാപ്പുസാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്. സ്ഫോടനം നടന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. 2016 ജൂണ്‍ 15ന് രാവിലെ 10.45ന് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയിക്ക് മുന്‍പില്‍ കിടന്ന ജീപ്പില്‍ നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകർ സ്‌ഫോടനം നടത്തിയെന്നാണ് കേസ്.
തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിനാണ് പരിക്കേറ്റത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ഒരു ബാഗും കണ്ടെത്തിയിരുന്നു. കളക്ടറേറ്റിലേക്ക് ആളുകൾ എത്തുന്ന തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. കേസില്‍ പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചിരുന്നു. 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്‌ഫോടകവസ്തു നിരോധന നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.