ദില്ലി: യുഎപിഎ കേസിൽ ജയിലിൽ കിടക്കുന്ന എംപിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച് കോടതി. ബാരാമുള്ളയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഷെയ്ഖ് അബ്ദുൽ റാഷിദിനാണ് സത്യപ്രതിജ്ഞ ചെയ്യാൻ രണ്ട് മണിക്കൂർ പരോൾ അനുവദിച്ചത്. നിലവിൽ ഇദ്ദേഹം തിഹാർ ജയിലിലാണ് കഴിയുന്നത്. ജൂലൈ അഞ്ചിനാണ് സത്യപ്രതിജ്ഞ. 2017ലാണ് ഇദ്ദേഹം ജയിലിലാകുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ ഏജൻസിയായ എൻഐഎ കോടതിയെ അറിയിച്ചു. ജയിലിൽ കിടന്നാണ് റാഷിദ് മത്സരിച്ചത്. ഖലിസ്താൻ വിഘടന വാദി നേതാവ് അമൃത്പാൽ സിങ്ങും ജയിലിൽ കിടന്ന് മത്സരിച്ച് വിജയിച്ചിരുന്നു.