കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ ഈ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അതിജീവിത ഹർജി നൽകിയതെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം നടക്കുന്നത് നടി കേസിലെ വിചാരണയെ ബാധിക്കും. കേസിൽ ഫോറൻസിക് അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കേണ്ടതിന്റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. എന്നാൽ ഇതെല്ലാം തള്ളിയാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം നിരാകരിച്ചത്.