ആഗ്ര: അയൽവാസിയായ പത്ത് വയസുകാരിയെ കൂട്ടുകാരനൊപ്പം ക്രൂരമായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ പ്രത്യേക കോടതിയാണ് സംഭവം നടക്കുന്ന സമയത്ത് 17 വയസ് പ്രായമുള്ള ആൺകുട്ടിയെ പ്രായപൂർത്തിയായ ആളായി കണക്കാക്കി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. 2021ൽ 17കാരനെ ജുവനൈൽ ജസ്റ്റിസ് വിഭാഗത്തിന് കൈമാറിയിരുന്നെങ്കിലും ആൺകുട്ടിയെ പ്രായപൂർത്തിയായി കണക്കാക്കാമെന്നാണ് ബാലനീതി വകുപ്പ് വിശദമാക്കിയത്.
ഇതോടെയാണ് സാധാരണ രീതിയിലുള്ള വിചാരണ നടന്നത്. പതിനേഴുകാരന്റെ ശാരീരിക മാനസിക വളർച്ച കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. താൻ ചെയ്ത കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം ആൺകുട്ടിക്ക് അറിയാമായിരുന്നുവെന്നും ബാലനീതി വകുപ്പ് വിശദമാക്കിയിരുന്നു.
2021 മാർച്ച് 15ന് കളിക്കുന്നതിനിടെ അയൽ വീട്ടിലെത്തിയ 10 വയസുകാരിയെ അന്ന് പതിനേഴ് വയസ് പ്രായമുണ്ടായിരുന്ന പ്രതിയും സുഹൃത്തും ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സഹോദരൻ കുട്ടിയെ അന്വേഷിച്ച് എത്തിയതോടെ ഇവർ രണ്ട് പേരും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ അറിയിച്ചതിന് പിന്നാലെയാണ് കൂട്ട ബലാത്സംഗത്തിന് കേസ് എടുത്തത്. കേസിലെ രണ്ട് പ്രതികളും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളായിരുന്നു. രണ്ട് പേരും പ്രായപൂർത്തിയാകാത്തവരാണെങ്കിലും പതിനേഴുകാരന്റെ കേസ് പ്രത്യേകമായി കണ്ട് പ്രത്യേക പോക്സോ കോടതിക്ക് വിടുകയായിരുന്നു.
തടവ് ശിക്ഷയ്ക്ക് പുറമേ 20000 രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം തടവ് ശിക്ഷാ കാലം കൂടുമെന്നും കോടതി വിശദമാക്കി. കൂട്ട ബലാത്സംഗത്തിനും പോക്സോ വകുപ്പിലുമാണ് പ്രതിക്കെതിരെ ശിക്ഷ പ്രഖ്യാപിച്ചത്.