തിരുവനന്തപുരം : ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി സി ജോർജ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് പി സി ജോർജിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. വൈദ്യ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി ഐസിയുവിൽ പി സി ജോർജിനെ തിങ്കളാഴ്ച രാത്രിയോടെയാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടുന്നുവെന്നതാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇന്നലെ നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിൽ പ്രതിയായ പി സി ജോർജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റുമെന്ന് നേരത്തെ അറിയിച്ചിരുന്നു.