വാളയാർ : സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതിരൂക്ഷമായിരിക്കെ, മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി വനംവകുപ്പിൽ സ്റ്റഡി ടൂറിന് ഒരുക്കം. വിവിധ ജില്ലകളിലുള്ള 104 ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്ന വാളയാറിലെ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 48 പേരുമായി വ്യാഴാഴ്ച പഠനയാത്ര പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരിശീലനത്തിനുള്ള ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുതവണ മാറ്റിവെച്ച യാത്രയാണ് വീണ്ടും നടത്താൻ നീക്കം നടക്കുന്നത്. ഫണ്ട് നഷ്ടപ്പെടുമെന്നുള്ള കാരണത്തിലാണ് ക്വാറന്റീനിലുള്ളവരെക്കൂടി ഉൾപ്പെടുത്തി യാത്ര പോകുന്നത്. സംസ്ഥാനത്തെ വിവിധ സാങ്ച്വറികളിലേക്കാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള യാത്ര. വനംമന്ത്രിയുടെ ഓഫീസോ സർക്കാരോ പറഞ്ഞാൽ മാത്രം യാത്ര ഉപേക്ഷിക്കാം എന്ന നിലപാടിലാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ. വനംവകുപ്പ് ഉന്നതതലത്തിൽ നിന്നും ഫണ്ട് നഷ്ടമാവാതിരിക്കാൻ സ്റ്റഡി ടൂറിന് സമ്മർദ്ദമുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് വനംവകുപ്പിൽ ഇരുന്നൂറോളം ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക വിവരം. വകുപ്പ് ഔദ്യോഗികമായി കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചെങ്കിലും പലരും പുറത്ത് പറയുന്നില്ലെന്ന. ഇതിനിടെയാണ് പരിശീലനത്തിലുള്ള ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും സ്റ്റഡി ടൂർ പോകണമെന്ന വാശിയിൽ വാളയാർ പരിശീലനകേന്ദ്രം അധികൃതരുടെ നീക്കം. വനംവകുപ്പിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർ മുതൽ 11 വർഷം സർവീസുള്ളവർ വരെ വാളയാറിലെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്, ആദ്യ ബാച്ചിൽ 58 പേരും രണ്ടാം ബാച്ചിൽ 46 പേരും. രണ്ടു ബാച്ചുകളിലുമായി 46 വനിതാ ഉദ്യോഗസ്ഥരുണ്ട്. ആറുമാസത്തെ പരിശീലനം സെപ്റ്റംബറിലാണ് പരിശീനം തുടങ്ങിയത്.