ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തിൽ എന്തുകൊണ്ടാണ് കുറവെന്ന് സുപ്രീം കോടതി. അപേക്ഷ നൽകാത്തവരുടെ വീടുകളിൽ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നൽകിയവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം കൈമാറണമെന്നും കേരളത്തോട് സുപ്രീം കോടതി നിർദേശിച്ചു. നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലാത്ത സംസ്ഥാനങ്ങളിൽ, സംസ്ഥാന ജില്ലാ തലങ്ങളിലുള്ള ലീഗൽ സർവീസസ് അതോറിറ്റികളുടെ സേവനം വിനിയോഗിക്കാനും കോടതി തീരുമാനിച്ചു. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരി പത്തുവരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 27,274 പേരുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി.
ഇതിൽ 23,652 പേരുടെ ബന്ധുക്കൾക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകിയെന്ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ കോടതിയെ അറിയിച്ചു. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും സർക്കാരുകളുടെ ഔദ്യോഗിക കണക്കുകളിൽ ഉള്ള കോവിഡ് മരണത്തെക്കാളും കൂടുതൽ പേര് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തവരുടെ വീടുകളിൽ ജില്ലാ, താലൂക്ക് തലങ്ങളിലുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ലഭിക്കുന്ന അപേക്ഷകളിൽ അടിയന്തിരമായി തീരുമാനം എടുക്കണം. ഇതുവരെ ലഭിച്ച അപേക്ഷകളിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനം എടുക്കാനും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. നഷ്ടപരിഹാര വിതരണം മന്ദഗതിയിൽ നടക്കുന്ന ബിഹാറിലെയും ആന്ധ്രയിലെയും ചീഫ് സെക്രട്ടറിമാരോട് കോടതി നടപടികളിൽ പങ്കെടുത്ത് വിശദീകരണം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.