അഹമ്മദാബാദ് : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനവിരുന്ന് സംഘടിപ്പിച്ച സഹോദരന്മാരടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. കേക്കുമുറിക്കലും സംഗീത പരിപാടിയുമായി കേമമായ ആഘോഷമാണ് നടത്തിയത്. അഹമ്മദാബാദ് കൃഷ്ണനഗറിലെ ചിരാഗ് പട്ടേല്‍, ഉര്‍വിഷ് പട്ടേല്‍ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ് മെഹരിയയും ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ സ്പിറ്റ്‌സ് ഇനത്തിലുള്ള അബ്ബി എന്ന നായയുടെ ജന്മദിനമാണ് സഹോദരന്മാര്‍ ആഘോഷമാക്കിയത്. പാര്‍ട്ടി സ്‌പോട്ടിലായിരുന്നു പരിപാടി. ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരു സംഘം ഒത്തുകൂടി. ഗുജറാത്തി നാടന്‍പാട്ട് അവതരണവും വിരുന്നുമുണ്ടായി.
പങ്കെടുത്തവര്‍ മുഖാവരണം ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്തില്ല. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നിക്കോള്‍ പോലീസ് മൂവരെയും ശനിയാഴ്ച അറസ്റ്റുചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഏഴുലക്ഷം രൂപയോളമാണ് അബ്ബിയുടെ ജന്മദിനത്തിനായി ഇവര്‍ ചെലവഴിച്ചതെന്ന് നിക്കോള്‍ പോലീസ് പറഞ്ഞു. കോവിഡിന്റെ മൂന്നാംതരംഗം നിയന്ത്രിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് നായയുടെ ജന്മദിനം ആഘോഷിച്ച സഹോദരങ്ങള്‍ കുടുങ്ങിയത്.