ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 4862 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടിയാണ് വർധന. കേസുകൾ ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി തുറന്ന സ്കൂളുകൾ നാളെ മുതൽ ഇനി അറിയിപ്പുണ്ടാകുംവരെ അടച്ചിടാനും തീരുമാനമായി. തമിഴ്നാട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധ ഉയരുകയാണ്. ഒമിക്രോൺ വകഭേദം പ്രതീക്ഷിച്ചതിലും അധികം വ്യാപിച്ചേക്കാം എന്ന ആശങ്കയും സർക്കാരിനുണ്ട്. മാസങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രതിദിന വർദ്ധനയും ഇന്നലെ രേഖപ്പെടുത്തി.
ജനങ്ങൾ സാമൂഹിക നിയന്ത്രണങ്ങൾ ഏതാണ്ട് മറന്ന മട്ടിലും മാസ്ക് വയ്ക്കാതെ തെരുവിലിറങ്ങുന്നവരെ ബോധവൽക്കരിക്കാൻ ഇന്നലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വരെ നേരിട്ടിറങ്ങി. രോഗം പടരാതിരിക്കാൻ നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെ കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ സിനിമാ തീയേറ്ററുകൾ അടക്കം ഒന്നിനും പ്രവർത്തിക്കാൻ അനുമതിയില്ല. രാത്രി പാൽ, പത്രം ആശുപത്രി, ഇന്ധന പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകളടക്കം അവശ്യ സർവീസുകൾക്കും മാത്രമേ രാത്രി പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. 1 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് നാളെ മുതൽ വീണ്ടും ഓൺലൈൻ പഠനം മാത്രമായിരിക്കും. ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം നൽകാൻ സർക്കാർ നിർദേശിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ഹോട്ടലുകളിലും മെട്രോ ട്രെയിനിലുമടക്കം 50 ശതമാനം ആളുകൾ മാത്രമെന്ന മുൻ നിർദേശങ്ങൾ തുടരും. ഞായറാഴ്ച പരിപൂർണ ലോക്ഡൗണായിരിക്കും. സർക്കാർ നടത്താനിരുന്ന പൊങ്കൽ ആഘോഷപരിപാടികൾ ഉപേക്ഷിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ആശുപത്രി കിടക്കകൾ തയ്യാറാക്കുകയാണ് സർക്കാർ. ചെന്നൈ ട്രേഡ് സെന്‍റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി. ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളുമടക്കം കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആക്കാനും നടപടി തുടങ്ങി.