ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. കൊവിഡ് കേസുകളുടെ എണ്ണത്തിലും നേരിയ വർധനയുണ്ടായി. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6155 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായതെങ്കിലും പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസം 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇന്ന് 5.63 ശതമാനമായി കൂടി. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകന യോഗങ്ങൾ തുടരുകയാണ്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. പതിനൊന്ന് പേരാണ് ഇന്നലെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 733 പേർക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയർന്നു. ആകെ രോഗികളിൽ 32 ശതമാനത്തിൽ ഒമിക്രോൺ ഉപവകഭേദമായ എക്സ്ബിബിവൺവൺസിക്സ് കണ്ടെത്തിയതായി ലാബുകളുടെ കൂട്ടായ്മയായ ഇൻസകോഗ് അറിയിച്ചു. ഗോവയിൽ സർക്കാർ ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ കൊവിഡ് പരിശോധന തുടങ്ങി.