ദില്ലി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ പ്രതിദിന കേസുകള്‍ 34,000 ത്തിനടുത്ത് എത്തി. ഒമിക്രോണ്‍ വ്യാപനമാണ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും രോഗികളുടെ എണ്ണം കൂടുകയാണ്. പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗണ്‍ ആണ്. യുകെയില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ദില്ലിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാക്കി ചുരുക്കിയിട്ടുമുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സര്‍ക്കാര്‍ പരിപാടികള്‍ വെര്‍ച്വലായിട്ടായിരിക്കും. സ്വകാര്യ ഓഫീസുകളില്‍ 50 % ഹാജര്‍ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. പൊതു സ്ഥലങ്ങളിലും നിയന്ത്രണമുണ്ട്.