ന്യൂഡൽഹി: കോവിഡ് കേസുകൾ ഗണ്യമായ കുറഞ്ഞതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സാമൂഹിക, സാംസ്കാരിക, കായിക, വിനോദ പരിപാടികൾക്കും മതപരമായ ചടങ്ങുകൾക്കും അക്കാദമിക പരിപാടികൾക്കും രാത്രികാല കർഫ്യൂവിലും ഇളവുവരുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറപ്പെടുവിച്ച മാർച്ച് മാസത്തേക്കുള്ള കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇളവുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക സാഹചര്യങ്ങൾ പഠിച്ചായിരിക്കണം ഇളവുകൾ തീരുമാനിക്കേണ്ടത്. സ്കൂൾ, കോളജ്, സിനിമ തിയറ്റർ, ജിം, സ്പാ, പൊതുഗതാഗതം, ഹോട്ടൽ, റസ്റ്ററൻറ്, ബാർ, ഷോപ്പിങ് കോംപ്ലക്സ്, മാൾ എന്നിവയുടെ പ്രവർത്തനത്തിലും കൂടുതൽ ഇളവുകൾ നിർദേശിക്കുന്നു. മാസ്ക് ധരിക്കലും സാമൂഹിക അകലവും ശുചിത്വവും നിർബന്ധമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച നിർദേശത്തിൽ പറയുന്നു.