ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകളിലെ വ്യാജന്മാരെ കണ്ടെത്താൻ നാലു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി അനുമതി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അഞ്ചു ശതമാനം നഷ്ടപരിഹാര അപേക്ഷകൾ പരിശോധിക്കാനാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവരടങ്ങളിയ ബെഞ്ച് അനുമതി നൽകിയത്. ഈ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ മരണങ്ങളും ലഭിച്ച അപേക്ഷകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരത്തിന് അർഹരായവർക്ക് അപേക്ഷ നൽകുന്നതിനുള്ള കാലപരിധി 60 ദിവസമായും ഭാവിയിലെ അപേക്ഷകൾക്ക് 90 ദിവസമായും നിജപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ നാലാഴ്ച സമയപരിധി അനുവദിക്കാൻ അനുമതി തേടി കേന്ദ്രം നേരത്തേ അപേക്ഷ നൽകിയിരുന്നു. നഷ്ടപരിഹാരം നൽകുന്ന നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ നോഡൽ ഓഫിസറെയും സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയെയും നിയമിക്കാൻ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കോടതി നിർദേശം നൽകിയിരുന്നു.