ദുബൈ: കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ യു.എ.ഇക്ക് ഒന്നാം റാങ്ക്. യു.എസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു.എ.ഇ ഒന്നാമതെത്തിയത്. സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യ 38-ാം സ്ഥാനത്താണ്. വാക്സിനേഷൻ, കോവിഡ് പരിശോധന, ബൂസ്റ്റർ ഡോസ് തുടങ്ങിയവയാണ് യു.എ.ഇയെ ഒന്നാമതെത്തിച്ചത്. പാൻഡമിക് റിസൈലൻസ് ഇന്‍റക്സിൽ പത്തിൽ 9.5 ആണ് യു.എ.ഇ നേടിയത്.
രണ്ടാം സ്ഥാനത്തുള്ള സൈപ്രസിന് 9.4 ഇൻഡക്സ് പോയന്‍റുകളുണ്ട്. ബഹ്റൈൻ 6.6 നേടിയപ്പോൾ ഇസ്രായേലിനുള്ളത് 6.3 പോയന്‍റാണ്. ഒന്നാം സ്ഥാനത്ത് നിന്നാണ് ഇസ്രായേൽ നാലാം സ്ഥാനത്തായത്.
ലക്സംബർഗ്, ഡെൻമാർക്ക്, യു.കെ, ഓസ്ട്രിയ, ഫ്രാൻസ്, മാൾട്ട എന്നിവരാണ് ആദ്യ പത്തിലുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലെ ഇൻഡക്സിൽ യു.എ.ഇ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ നവംബറിൽ എത്തിയപ്പോൾ യു.എ.ഇ ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. ബൂസ്റ്റർഡോസിന്‍റെ വിതരണമാണ് യു.എ.ഇയെ ഒന്നാമതെത്തിച്ചതെന്ന് അധികൃതർ പറയുന്നു. മറ്റ് രാജ്യങ്ങൾ മാസങ്ങളെടുത്തു ബൂസ്റ്റർ യാഥാർഥ്യമാക്കാൻ. ഈ സ്ഥാനത്താണ് യു.എ.ഇ അതിവേഗം ബൂസ്റ്റർ ഷോട്ട് വിതരണം ചെയ്തത്.