ന്യൂഡൽഹി: പുതിയ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. വാരാന്ത്യ കർഫ്യൂ പൂർണമായും പിൻവലിച്ചു. 50 ശതമാനം ആളുകളുമായി തീയേറ്ററുകൾക്കും റസ്റ്റോറന്റുകൾക്കും ബാറുകൾക്കും പ്രവർത്തിക്കാം. മാർക്കറ്റുകളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണവും പിൻവലിച്ചു.
സ്കൂളുകളും കേളേജുകളും ഉടൻ തുറക്കില്ല. വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 20ൽ നിന്നും 200 ആക്കി ഉയർത്തി. ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഡൽഹി ദുരന്തര നിവാരണ അതോറിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിൽ അന്തിമ തീരുമാനമുണ്ടായത്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചെങ്കിലും രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയുള്ള രാത്രികാല കാർഫ്യൂ നിയന്ത്രണം ഡൽഹിയിൽ തുടരും. 50 ശതമാനം ജീവനക്കാരോടെ സർക്കാർ ഓഫീസുകൾക്കും സ്വകാര്യ ഓഫീസുകൾക്കും പ്രവർത്തിക്കാനും അനുമതിയുണ്ട്.