ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ടെക് ഇവന്റുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ (CES) 2022-ല്‍ വ്യക്തിഗത പങ്കാളിത്തത്തിന്റെ പദ്ധതികള്‍ റദ്ദാക്കി വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും. CES 2022 ജനുവരി അഞ്ച് മുതല്‍ എട്ട് വരെ ലാസ് വെഗാസില്‍ നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയിലും ലോകമെമ്പാടുമുള്ള കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും ഒമിക്രോണ്‍ വേരിയന്റിന്റെ നടത്തിപ്പിനെ സംശയത്തിലാക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇവന്റില്‍ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കാനും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഉല്‍പ്പന്നങ്ങളും പുതുമകളും പ്രദര്‍ശിപ്പിക്കാനും ആണ് മെഴ്സിഡസ്-ബെന്‍സ് തീരുമാനിച്ചിരിക്കുന്നത്.
നിറം മാറുന്ന ബോഡി പാനലുകളും ഹൈ-എന്‍ഡ് വെഹിക്കിള്‍ തിയേറ്റര്‍ സംവിധാനവും ഉള്‍പ്പെടുന്ന നിരവധി പുതുമകള്‍ ബിഎംഡബ്ല്യു പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇനി ഇവയ്ക്കും കമ്പനി ഡിജിറ്റല്‍ മാര്‍ഗങ്ങളെ ആശ്രയിച്ചേക്കും. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും CES 2022-ല്‍ നേരിട്ട് പങ്കെടുക്കുന്നത് ഒഴിവാക്കിയിരുന്നു. തീയതിയോട് അടുക്കുമ്പോള്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇതേ ദിശ പിന്തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. CES 2022-ല്‍ നിന്ന് പിന്‍വാങ്ങുകയോ അല്ലെങ്കില്‍ വ്യക്തിപരമായി ഹാജരാകാതിരിക്കുകയോ ചെയ്ത പ്രധാന ടെക് കമ്പനികളിലും ബ്രാന്‍ഡുകളിലും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോമ് എന്നിവ ഉള്‍പ്പെടുന്നു.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതിനൊപ്പം ഓരോ ദിവസവും ആയിരക്കണക്കിന് ഫ്‌ലൈറ്റുകള്‍ റദ്ദാക്കപ്പെടുന്നതിനാല്‍, ലോജിസ്റ്റിക്സും ബുദ്ധിമുട്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.