തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐ. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന ധര്‍ണയും മാറ്റി. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഐഎമ്മും ബിജെപിയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചത്. ടിപിആര്‍ 36 ശതമാനം കടന്ന തിരുവനപുരത്ത് സിപിഐഎം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളില്‍ നടന്നു. ടിപിആര്‍ 27 കടന്ന തൃശൂരില്‍ സിപിഐഎമ്മിന്റെ തിരുവാതിരയും ബിജെപിയുടെ പ്രതിഷേധ പരിപാടിയും നടന്നു. തൃശൂരില്‍ സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്. അതേസമയം കൊവിഡ് കണക്കിലെ ടുത്ത് പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് സിപിഐയും തീരുമാനമെടുത്തത്.
തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു.
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിപിആര്‍ 20ത്തില്‍ കൂടുതലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രം അനുമതിയുണ്ടാകൂ.നേരത്തെ പൊതുപരിപാടികള്‍ക്കും, വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണം മതചടങ്ങുകളിലേക്ക് കൂടി നീട്ടിയത്.