മുംബൈ : കൊവിഡ് കേസുകളിലെ വര്‍ധനവ് പരിഗണിച്ച് അന്താരാഷ്ട്രാ യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് മുംബൈ. ലോ റിസ്‌ക്, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും യുഎഇയില നിന്നുമുള്ള എല്ലാ യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ അടക്കമുള്ള കൊവിഡ് ടെസ്റ്റുകള്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കര്‍ശനമാക്കി. പരിശോധനാഫലം നെഗറ്റീവാകുന്ന യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകാന്‍ അനുമതി ലഭിക്കും. വീടുകളില്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കര്‍ശനമാക്കാനും ബിഎംസി തീരുമാനിച്ചു. കൊവിഡ് പോസിറ്റീവാകുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. പൂര്‍ണമായും വാക്‌സിന്‍ സ്വാകരിച്ചവര്‍ക്ക് അധികാരികള്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടെന്നും ബിഎംസി വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 18466 പുതിയ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബിഎംസി യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം 653 ആണ്. മഹാരാഷ്ട്രയില്‍ 66308 സജീവമായ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 18466 പുതിയ കേസുകളില്‍ 10860 കേസുകളും മുംബൈ നഗരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് ഇതിനോടകം കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ കൊവിഡ് കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നുമാണ് കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കിയത്.
പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ പരിഗണിച്ചാല്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം നേരിയ തോതിലെങ്കിലും കൂടുന്നത് മരണനിരക്കും കൂടാന്‍ കാരണമാക്കുമെന്ന് വിലയിരുത്തലുമുണ്ട്.