ദുബായ് : ഗള്‍ഫില്‍ ഒരിടവേളയ്ക്കുശേഷം കോവിഡ് വ്യാപനം കൂടി. യു.എ.ഇയില്‍ തിങ്കളാഴ്ച 2515 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 862 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഒരാള്‍കൂടി മരിച്ചു. ഒമാനില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 98.2 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 1024 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 298 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ 24 മണിക്കൂറിനിടെ 1177 പേരില്‍കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു. 186 പേര്‍ സുഖംപ്രാപിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരിച്ച ഐസലേഷന്‍, ക്വാറന്റീന്‍ നിയമങ്ങള്‍, കോവിഡ് രോഗികള്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗരേഖ എന്നിവ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുറത്തിറക്കി. യു.എ.ഇ.യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധം എന്ന നിയമം പ്രാബല്യത്തിലായി. അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടെങ്കില്‍മാത്രമേ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാനാവൂ. അബുദാബിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തേതന്നെ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. പ്രതിദിന കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് ഈ നിയമം യു.എ.ഇയില്‍ മൊത്തം നടപ്പാക്കിയത്.