കൊച്ചി : കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പേരില്‍ തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി മേഖലകളില്‍ തിയറ്ററുകള്‍ അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും (ഫിയോക്) തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി തിയറ്റര്‍ ഉടമ ഹരി നിര്‍മലും നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. സര്‍ക്കാര്‍ നിലപാട് തേ ടിയ ജസ്റ്റിസ് എന്‍.നഗരേഷ് ഹര്‍ജി 28നു പരിഗണിക്കാന്‍ മാറ്റി. സിനിമ വ്യവസായം പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഉത്തരവ് വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നു മാസമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു 50% സീറ്റുകളില്‍ പ്രവേശനം നല്‍കിയാണു പ്രദര്‍ശനം.
തിയറ്ററുകള്‍ കാരണം കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ കാരണമായി എന്ന ഒറ്റ ആരോപണവുമുണ്ടായിട്ടില്ല. എന്നാല്‍ സിനിമ തിയറ്ററുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു ജനുവരി 20ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ആളുകള്‍ കൂടുന്ന വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെന്നും ഇതു വിവേചനമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്ല തിയറ്ററുകള്‍ അടച്ചിടണമെന്ന നിര്‍ദേശമെന്നു ഫിയോക് ചൂണ്ടിക്കാട്ടി. എന്നാല്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശാനുസരണമാണു നടപടിയെന്നു സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, നേരത്തെയുള്ള സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും ഇടക്കാല ഉത്തരവിടണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.