തിരുവനന്തപുരം : പനി ലക്ഷണങ്ങളുണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനിലക്ഷണമുള്ളവർ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ ഹോം ഐസൊലേഷനിൽ ഇരിക്കണം. ഇതിനുള്ള മാർഗനിർദേശം ഇറക്കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച 1,99,041 പേരിൽ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്സിജൻ കിടക്ക ഇപ്പോൾ ആവശ്യമുള്ളത്. 0.6 പേർക്ക് ഐസിയു ആവശ്യമുണ്ട്. സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തിൽ 2 ശതമാനം കുറവുണ്ടായി.
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ മാനേജ്മെന്റ് ഗൈഡ് ലൈൻ പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളിൽ ഇൻഫെക്ഷൻ കൺട്രോൾ ടീം ഉണ്ടായിരിക്കണം. ഇവർക്ക് പ്രത്യേക പരിശീലനം ആരോഗ്യവകുപ്പ് നൽകും. പത്തിലധികം പേർക്ക് ഒരു സ്ഥാപനത്തിൽ കോവിഡ് വന്നു കഴിഞ്ഞാൽ ക്ലസ്റ്റർ രൂപപ്പെട്ടതായി മനസിലാക്കണം. 5 വലിയ ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്ഥാപനം അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.