തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ചെറിയതോതില്‍ കൂടുന്നതിനാല്‍ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ കാണണമെന്നും ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കെയര്‍ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അല്ലെങ്കില്‍ അവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സയിലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കളക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കണമെന്നും മന്ത്രി പറഞ്ഞു.