ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രതിദിന കോവിഡ് കേസുകൾ 1.6 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജസ് കുമാർ ഭല്ല, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഡിസംബർ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജാഗരൂകരാകണമെന്ന് അന്ന് ഉദ്യോഗസ്ഥർക്ക് മോദി നിർദേശം നൽകി. കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി പറഞ്ഞു. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം എൺപതിനായിരത്തിലും താഴെ എത്തിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ആശങ്കയേറിയത്. ആരോഗ്യ പ്രവർത്തകർക്കും വ്യാപകമായി രോഗം പിടിപെടാൻ തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം.