ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പ്രദര്‍ശനങ്ങള്‍, വിവിധ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടത്തുകയാണെങ്കില്‍ പരമാവധി പ്രവര്‍ത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. ഇതില്‍ പങ്കെടുക്കുന്ന 90 ശതമാനം പേരും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരിക്കണം.
വാക്സിന്‍ സ്വീകരിക്കാത്തവര്‍, ഭാഗികമായി വാക്സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ പിസിആര്‍ പരിശോധന അല്ലെങ്കില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാ പരിപാടികളും പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും നടത്താവൂ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും.