ന്യൂഡൽഹി : മാസ്ക്കും അകലം പാലിക്കലും ഒഴികെ മറ്റു കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കുന്നു. അതതു സംസ്ഥാന സർക്കാരുകൾ അനുവദിച്ചാൽ കായിക, വിനോദ, സാമൂഹിക, സാംസ്കാരിക, മത, ഉത്സവ ചടങ്ങുകൾ പൂർണതോതിൽ അനുവദിക്കാമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണരീതിയിൽ തുറക്കാം. വിവാഹം, മരണാന്തര ചടങ്ങുകൾ തുടങ്ങിയവ അനുവദിക്കാം. സിനിമ, മാളുകൾ, നീന്തൽ കുളങ്ങൾ തുടങ്ങിയവയ്ക്കും തടസ്സമില്ല. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെ/മേഖലകളുടെ പ്രവർത്തനം, സംസ്ഥാനാന്തര യാത്ര തുടങ്ങിയവ നിയന്ത്രണങ്ങളൊന്നുമില്ലാതെ അനുവദിക്കാം.
മാസ്ക് ഉപയോഗവും വ്യക്തിശുചിത്വവും ഒഴികെ, 2 വർഷമായി തുടരുന്ന മറ്റു കോവിഡ് നിയന്ത്രണങ്ങളെല്ലാം മാർച്ച് 31ന് അവസാനിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരമുളള കോവിഡ് പ്രതിരോധ നടപടികൾ 31നു ശേഷം തുടരേണ്ടതില്ല. സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഉത്തരവിന് 31 വരെ പ്രാബല്യമുണ്ട്.
ശേഷം പുതുക്കില്ലെന്നാണു ചീഫ് സെക്രട്ടറിമാർക്കുള്ള കത്തിലുള്ളത്. ഇതോടെ, കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരിൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിക്കും. മാസ്ക്കും വ്യക്തിശുചിത്വവും ഉൾപ്പെടെ ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന കാര്യങ്ങൾ തുടരുമെന്നും ചീഫ് സെക്രട്ടറിമാർക്കുള്ള കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. മാസ്ക് ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വന്ന പ്രചാരണം ആരോഗ്യമന്ത്രാലയം തള്ളി. മാസ്ക് ഉപയോഗവും അകലവും ശുചിത്വവും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ജാഗ്രതയും തുടരണം.
ഓരോ സ്ഥലത്തെയും സാഹചര്യം പരിഗണിച്ച് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.