തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐ.സി.യു, വെന്‍റിലേറ്റർ ഉപയോഗവും കുറഞ്ഞിട്ടുണ്ട്.
നിലവിൽ 3,66,120 കോവിഡ് കേസുകളിൽ 2.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.