ദില്ലി: കൊവിഡിനൊപ്പം ഒമിക്രോണ്‍ രോഗവ്യാപനവും രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുപുള്ളികൾക്ക് പരോളും ജാമ്യവും അനുവദിക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേരളത്തിലെ വിവിധ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കളായ 26 വനിതകൾ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടിയത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയവരോട് ജയിലുകളിൽ ഹാജരാകാൻ നിര്‍ദ്ദേശം നൽകിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജി. ജനുവരി പത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നൽകിയത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരിടവേളത്ത് ശേഷം വീണ്ടും നാല്‍പതിനായിരത്തോട് അടുത്തതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു തുടങ്ങി. കേരളത്തിൽ മരണാനന്തരചടങ്ങുകൾ, വിവാഹം, സാമൂഹിക-സാംസ്കാരിക പരിപാടികൾ എന്നിവരക്ക് അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സാഹചര്യമില്ലെന്നാണ് അവലോകനയോഗത്തിലെ വിലയിരുത്തൽ. മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.