തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഞായറാഴ്‌ച തുറന്ന് പ്രവർത്തിക്കാം. അടിയന്തരമായി പ്രവർത്തിക്കേണ്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. യാത്രയ്ക്കായി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. ഐടി മേഖല അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കാം. രോഗികൾ, കൂട്ടിരുപ്പുകാർ, വാക്‌സിനേഷനുമായി ബന്ധപ്പെട്ടവർ എന്നിവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളിലേക്കും വാക്‌സിനേഷൻ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും.
ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം. പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസങ്ങൾ വിൽക്കുന്ന കടകൾ, ഹോം ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്‌സ്, കൊറിയർ സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. റസ്റ്റോറന്റും ബേക്കറിയും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്‌സൽ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം. മുൻകൂർ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകൾ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. ഇവർക്ക് ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ താമസിക്കാം.
സിഎൻജി, ഐഎൻജി, എൽപിജി എന്നിവ വിതരണം ചെയ്യാം. മത്സരപരീക്ഷകൾക്ക് അഡ്മിറ്റ് കാർഡ്, ഐഡന്റിറ്റി കാർഡ്, ഹാൾടിക്കറ്റ് എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും. ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്‌റ്റോറുകൾ, നഴ്‌സിങ് ഹോമുകൾ, ആംബുലൻസുകൾ അനുബന്ധ സേവനങ്ങൾ, ജീവനക്കാരുടെ യാത്രകൾ എന്നിവ അനുവദിക്കും. ടോൾ ബൂത്തുകൾ പ്രവർത്തിപ്പിക്കാം. ശുചീകരണ പ്രവർത്തനങ്ങൾ അനുവദിക്കും. വർക്ക് ഷോപ്പുകളും പ്രവർത്തിപ്പിക്കാം.